കാനഡയിലേക്ക് കുടിയേറിയ അഞ്ചിലൊന്ന് പേരും 25 വർഷത്തിനുള്ളിൽ രാജ്യം വിട്ട് പോകുമെന്ന് പുതിയ റിപ്പോർട്ട്

By: 600110 On: Nov 19, 2025, 1:01 PM

 

കാനഡയിലേക്ക് കുടിയേറി എത്തിയ അഞ്ചിലൊന്ന് പേരും 25 വർഷത്തിനുള്ളിൽ രാജ്യം വിട്ട് പോകുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കനേഡിയൻ സിറ്റിസൺഷിപ്പ് (ICC) പുറത്തുവിട്ട പുതിയ റിപ്പോർട്ട്. 'ദ ലീക്കി ബക്കറ്റ് 2025' എന്ന് പേരിട്ട ഈ പഠനം, സ്ഥിരതാമസം നേടി രാജ്യത്തെത്തുന്നവർ അഞ്ച് വർഷത്തിനുള്ളിൽ കാനഡ വിട്ട് പോകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.  

ഉയർന്ന വിദ്യാഭ്യാസവും വൈദഗ്ധ്യവുമുള്ള കുടിയേറ്റക്കാരാണ് ഏറ്റവും വേഗത്തിൽ കാനഡ വിട്ട് പോകുന്നത്. ഡോക്ടറേറ്റ് നേടിയ വ്യക്തികൾ ബിരുദധാരികളെ അപേക്ഷിച്ച് രാജ്യം വിടാനുള്ള സാധ്യത രണ്ടിരട്ടിയിലധികമാണ്. ഇത് കാനഡയുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആവശ്യമായ വിദഗ്ദ്ധരെ നഷ്ടപ്പെടുത്തുന്നതായി ഐ.സി.സി. ചൂണ്ടിക്കാട്ടുന്നു. മാനേജ്‌മെൻ്റ്, ഇൻഫർമേഷൻ ടെക്നോളജി, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലെ വിദഗ്ദ്ധരാണ് കൂടുതലായും  കാനഡ വിടുന്നത്. തങ്ങളുടെ വിദ്യാഭ്യാസത്തിനും വൈദഗ്ധ്യത്തിനും അനുസരിച്ചുള്ള വരുമാന വളർച്ചയും തൊഴിലവസരങ്ങളും ലഭിക്കാത്തതാണ് ഇവർ രാജ്യം വിട്ടുപോകാനുള്ള പ്രധാന കാരണം.

ഈ പ്രവണത തുടരുകയാണെങ്കിൽ, അടുത്ത വർഷം സ്ഥിരതാമസത്തിന് അംഗീകാരം ലഭിക്കുന്ന 380,000 പേരിൽ 20,000-ത്തിലധികം കുടിയേറ്റക്കാർ 2031-ഓടെ കാനഡ വിട്ട് പോകുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു. ഈ പ്രതിസന്ധി പരിഹരിക്കാനായി, അതിവിദഗ്ദ്ധരായ കുടിയേറ്റക്കാരെ ദീർഘകാലത്തേക്ക് രാജ്യത്ത് നിലനിർത്തുന്നതിനായി ഫെഡറൽ സർക്കാർ ഒരു ടാലെൻ്റ് റിട്ടൻഷൻ സ്ട്രാറ്റെജി വികസിപ്പിക്കണമെന്ന് ഐ.സി.സി. സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്